വിശ്വാസത്താലുള്ള ജീവിതം
നടക്കുമ്പോൾ മോഹിത്തിന് ചില ബാലൻസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുവാൻ ഡോക്ടർ ഫിസിക്കൽ തെറാപ്പി നിർദ്ദേശിച്ചു. ഒരു സെഷനിൽ അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് അദ്ദേഹത്തോട് പറഞ്ഞു, "നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു, അത് തെറ്റായിരിക്കുമ്പോഴും! നിങ്ങളുടെ മറ്റ് ശരീര സംവിധാനങ്ങളെ നിങ്ങൾ വേണ്ടത്ര ആശ്രയിക്കുന്നില്ല-അതായത്, നിങ്ങൾ കാൽ ചവിട്ടുമ്പോൾ അനുഭവപ്പെടുന്നതും നിങ്ങളുടെ അകത്തെ ചെവിയിൽ ഉണ്ടാകുന്ന സിഗ്നലുകളും, നിങ്ങൾക്ക് സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായിക്കുന്നതാണ്.
"നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു" എന്ന പ്രയോഗം, ആട്ടിടയനായ ദാവീദിന്റെയും, ഗോലിയാത്തുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും കഥ ഓർമ്മയിൽ കൊണ്ടുവരുന്നു. നാൽപത് ദിവസം, ഫെലിസ്ത്യമല്ലനായ ഗോലിയാത്ത്, ഇസ്രായേൽ സൈന്യത്തെവെല്ലുവിളിച്ചു, തന്നോട് യുദ്ധം ചെയ്യാൻ ആരെയെങ്കിലും അയയ്ക്കാൻ അവരെ പരിഹസിച്ചു (1 സാമുവൽ 17:16). അവന്റെ ഭീമാകാരമായ ശരീരം കണ്ട് സ്വാഭാവികമായും അവർ ഭയപ്പെട്ടു. അപ്പോഴാണ്, തന്റെ മൂത്ത സഹോദരങ്ങൾക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുകൊടുക്കുവാൻ പിതാവിനാൽ അയയ്ക്കപ്പെട്ട യുവാവായ ദാവീദ് പ്രത്യക്ഷപ്പെട്ടത് (17:18).
ദാവീദ് ഈ അവസ്ഥയെ എങ്ങനെയാണ് വീക്ഷിച്ചത്? കാഴ്ചയാൽ അല്ല ദൈവത്തിലുള്ള വിശ്വാസത്താൽ! അവൻ ഭീമനെ കണ്ടു, പക്ഷേ അതിലും വലിയവനായ ദൈവം തന്റെ ജനത്തെ രക്ഷിക്കുമെന്ന് അവൻ വിശ്വസിച്ചു. അവൻ ഒരു ചെറുപ്പക്കാരനായിരുന്നിട്ടും, ശൗൽ രാജാവിനോട് പറഞ്ഞു, “ഈ ഫെലിസ്‌ത്യനെക്കുറിച്ച് വിഷമിക്കേണ്ട. . . . ഞാൻ അവനോട് യുദ്ധം ചെയ്യാൻ പോകുന്നു!”(17:32). പിന്നെ അവൻ ഗോലിയാത്തിനോട് പറഞ്ഞു, "യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും." (17:47). അതുതന്നെയാണ് ദൈവം ചെയ്തതും.
ദൈവത്തിന്റെ സ്വഭാവത്തിലും ശക്തിയിലും ആശ്രയിക്കുന്നത്, കാഴ്ചയെക്കാൾ വിശ്വാസത്താൽ ജീവിക്കുവാൻ നമ്മെ സഹായിക്കും.
പിതാവിന്റെ സ്വരം
എന്റെ സുഹൃത്തിന്റെ പിതാവ് അടുത്തിടെ മരിച്ചു. പെട്ടെന്നൊരു ദിവസം അസുഖം വന്ന് സ്ഥിതി വഷളായി, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പോയി. എന്റെ സുഹൃത്തിനും തന്റെ പിതാവിനും തമ്മിൽ ശക്തമായ ആത്മബന്ധമുണ്ടായിരുന്നു, അവർക്കിനിയും ധാരാളം ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ തേടുവാനും സംഭാഷണങ്ങൾ നടത്തുവാനും ഉണ്ടായിരുന്നു. പറയാത്ത ഒരുപാട് കാര്യങ്ങൾ .. .ഇപ്പോൾ അവന്റെ പിതാവ്പോയി. എന്റെ സുഹൃത്ത് ഒരു പരിശീലനം ലഭിച്ച കൗൺസിലറാണ്. ദു:ഖത്തിന്റെ ഉയർച്ച താഴ്ചകൾ അവനറിയാം. മറ്റുള്ളവരുടെ വിഷമകരമായ സമയങ്ങളിൽ അവർക്കെങ്ങനെ ആശ്വാസം കൊടുക്കണമെന്നവനറിയാം. എന്നിട്ടും അവൻ എന്നോട് പറഞ്ഞു, “ചില ദിവസങ്ങളിൽ ഞാൻഎന്റെപിതാവിന്റെ സ്വരം കേൾക്കുവാൻ കൊതിക്കും. എല്ലാറ്റിലും എനിക്കേറ്റവും വലുത്, എന്റെ പിതാവിന്റെ സ്നേഹമുളള സ്വരമായിരുന്നു.”
യേശുവിന്റെ ഭൗമികശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന ഒരു പ്രധാന സംഭവം, യോഹന്നാന്റെ കൈകളാൽ നടന്ന അവന്റെ സ്നാനം ആയിരുന്നു. യോഹന്നാൻ എതിർക്കുവാൻ ശ്രമിച്ചെങ്കിലും, മനുഷ്യവർഗ്ഗവുമായി താതാത്മ്യം പ്രാപിപ്പാൻ അത് അനിവാര്യമാണെന്ന് യേശു തറപ്പിച്ചുപറഞ്ഞു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15). യേശു ചോദിച്ചതുപോലെ യോഹന്നാൻ ചെയ്തു. തുടർന്ന്, യോഹന്നാൻ സ്നാപകനും ജനത്തിനും യേശു ആരാണന്നു വ്യക്തമാക്കിയ ഒരു കാര്യം സംഭവിച്ചു, അത് യേശുവിന്റെയും ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കണം. സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിന്റെ ശബ്ദം ഉറപ്പുനൽകി: "ഇത് ഞാൻ സ്നേഹിക്കുന്ന എന്റെ മകനാണ്" (3:17).
വിശ്വാസികളുടെ ഹൃദയത്തിലുമുള്ള അതേ ശബ്ദം, നമ്മോടുള്ള അവന്റെ വലിയ സ്നേഹത്തിന്റെ ഉറപ്പ് നൽകുന്നു (1 യോഹ. 3: 1).
അവന്റെ അത്ഭുതകരമായ സഹായം
അവരുടെ പ്രാർഥനകളിൽ ആ അഗ്നിശമന ഉദ്യോഗസ്ഥൻ ആശ്ചര്യപ്പെട്ടു, കിഴക്കൻ കൊളറാഡോ പർവതങ്ങളിൽ 2020 ശരത്കാലത്തിൽ ആളിപ്പടർന്ന ഭയാനകമായ തീയിൽ നിന്ന് രക്ഷനേടാൻ ദൈവസഹായം തേടി “പതിനായിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് പ്രാർത്ഥനകൾ” സ്വർഗ്ഗത്തിലേക്കുയർന്നു. അതിഭയങ്കരമായി ആളിപ്പടർന്ന തീ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 100,000 ഏക്കർ ഉണങ്ങിയ വനങ്ങളിലൂടെ കത്തിപ്പടർന്നു. അതിന്റെ പാതയിലെ മുന്നൂറ് വീടുകൾ ചാമ്പലായി. അവിടെയുള്ള സകല പട്ടണങ്ങളും അപകടാവസ്ഥയിലായി. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത ആ സമയത്ത്, ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞൻ വിളിച്ചതുപോലെ " ദൈവസഹായം" വന്നു. അല്ല, മഴയല്ല, തക്കസമയത്തുണ്ടായ ഒരു മഞ്ഞുവീഴ്ചയായിരുന്നു അത്. അത് അഗ്നിമേഖലയിലുടനീളം വീണു. പതിവിനു വിരുദ്ധമായി ആ വർഷം അതു നേരത്തെ എത്തി. ഒരു അടി അല്ലെങ്കിൽ അതിൽ കൂടുതൽ നനഞ്ഞ മഞ്ഞ് വീണ്, തീ കുറയ്ക്കുകയും ചില സ്ഥലങ്ങളിൽ അത് നിർത്തുകയും ചെയ്തു.
ഇത്തരം സ്വർഗ്ഗീയ സഹായം വിശദീകരിക്കുവാൻ പ്രയാസമാണ്. മഞ്ഞിനും മഴയ്ക്കുമുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നുണ്ടോ? ദൈവം പ്രാർത്ഥനയ്കുത്തരം നല്കുന്നത് ബൈബിളിൽ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന അതിലൊന്നാണ് (1 രാജാക്കന്മാർ 18: 41-46). ദൈവത്തിന്റെ ദാസനായ ഏലിയാവ്, കാലാവസ്ഥ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ദൈവം പരമാധികാരിയാണെന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു. സങ്കീർത്തനം 147-ൽ ദൈവത്തെക്കുറിച്ച് പറയുന്നു, “അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു, ഭൂമിക്കായി മഴ ഒരുക്കുന്നു” (147:8). അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. . . നീർക്കട്ട കഷണംകഷണമായി എറിയുന്നു; (147:16-17).
മേഘങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ "കനത്ത മഴയുടെ ശബ്ദം" ഏലിയാവിനു കേൾക്കാനായി (1 രാജാക്കന്മാർ 18:41). ദൈവത്തിന്റെ ശക്തിയിൽ നമുക്ക് എത്രമാത്രം വിശ്വാസമുണ്ട്? അവൻ ഉത്തരം തന്നാലും ഇല്ലെങ്കിലും നമ്മുടെ വിശ്വാസത്തെയാണ് ദൈവം മാനിക്കുന്നത്. ഏതവസ്ഥയിലും അവന്റെ അത്ഭുതകരമായ സഹായത്തിനായി നമുക്ക് അവനിലേക്ക് നോക്കാം.
മർത്യത; താഴ്മ
പുരാതന റോമിൽ പടനായകന്മാർ ഒരു ഇതിഹാസ യുദ്ധത്തിൽ വിജയിച്ചതിനുശേഷം തലസ്ഥാനവീഥികളിലൂടെ രാവിലെ മുതൽ സൂര്യാസ്തമയം വരെ വിജയരഥത്തിൽ വീരഘോഷയാത്ര നടത്തുന്ന കഥകൾ, പുരാതനപണ്ഡിതന്മാരായജെറോമുംതെർത്തുല്യനുംപരാമർശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഇരമ്പും; പടത്തലവൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനത്തിൽ ആഹ്ലാദിച്ചുകൊണ്ട് ആരാധനയിൽ മുഴുകും. എന്നിരുന്നാലും, ഒരു ദാസൻ ഈസമയം മുഴുവൻ പടത്തലവന്റെ പുറകിൽ നിന്നുകൊണ്ടു,‘മെമെന്റോ മോറി’ (നിങ്ങൾ മരിക്കുമെന്ന് ഓർക്കുക) എന്നു ചെവിയിൽ മന്ത്രിക്കുമെന്നാണ് ഐതിഹ്യം. എല്ലാ പ്രശംസകൾക്കുമിടയിൽ, പടത്തലവന്, താൻ മർത്യനാണെന്ന ഓർമ്മ സൃഷ്ടിക്കുന്ന വിനയം വളരെ ആവശ്യമായിരുന്നു.
ഊതിവീർപ്പിച്ച ആത്മാഭിമാനവും അഹംഭാവവും ബാധിച്ച ഒരു സമൂഹത്തിന്റെ അഹങ്കാരത്തെ അഭിമുഖീകരിച്ചുകൊണ്ട്, തുളച്ചുകയറുന്ന വാക്കുകളിലൂടെ യാക്കോബ് പറഞ്ഞു: "ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു" (യാക്കോബ് 4: 6). "കർത്താവിന്റെ മുമ്പിൽ [സ്വയം] താഴ്ത്തുക" എന്നതാണ് അവർക്ക് വേണ്ടത്. ഈ എളിമ അവർ എങ്ങനെ സ്വായത്തമാക്കും? റോമൻ പടനായകന്മാരെപ്പോലെ, തങ്ങൾ ഒരുനാൾ മരിക്കുമെന്ന ഓർമ്മ അവർക്കുണ്ടാവേണ്ടതുണ്ട്. "നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ;" യാക്കോബ് പറഞ്ഞു. "നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ." (4:14). നാം മർത്യരായ മനുഷ്യരാണെന്ന തിരിച്ചറിവ്, നമ്മുടെ ബലഹീന ശ്രമങ്ങളേക്കാൾ "കർത്താവിന്റെ ഉറപ്പുള്ള ഹിതത്തിൽ" ആശ്രയിച്ച് അനുദിനം ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും (4:15).
ഈ ലോകത്തിൽ നമ്മുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നത് നാം മറക്കുമ്പോഴാണ് നാം അഹങ്കാരം നിറഞ്ഞവരാകുന്നത്. എന്നാൽ, നാം മർത്യരാണെന്ന ഓർമ്മയുണ്ടായാൽ, ഓരോ ശ്വാസവും ഓരോ നിമിഷവും അവന്റെ ദാനമാണെന്ന് നാം ഓർക്കും ;‘മെമെന്റോ മോറി.’
വിജയവും ത്യാഗവും
സ്വിറ്റ്സർലൻഡിലെ ഒരു പർവ്വതത്തിൽ കയറുവാൻ ആഗ്രഹിച്ച ഒരു കുട്ടിയെക്കുറിച്ചുള്ള ഒരു പുസ്തകം ഒരുവേനൽക്കാലപഠനപരിപാടിക്കിടെഎന്റെ മകൻ വായിച്ചു. പർവ്വതത്തിൽകയറുവാനായി അവൻ വളരെയേറെപരിശീലനം നടത്തി എങ്കിലും ഒടുവിൽ പർവ്വതാരോഹണത്തിനായി പുറപ്പെട്ടപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. പകുതി ദൂരം കയറിയപ്പോഴേക്കും അവരുടെ ഒരു സംഘാംഗം രോഗബാധിതനായി. എന്നാൽ, തന്റെ ലക്ഷ്യം നേടുന്നതിനുപകരം കൂട്ടുകാരനെ പരിചരിക്കുവാൻ കൂടെനിൽക്കുവാൻഅവൻ തീരുമാനിച്ചു.
ക്ലാസ് മുറിയിൽ ഈ കഥ വായിച്ചുകേട്ടതിനുശേഷം, അദ്ധ്യാപകൻ ചോദിച്ചു, "മല കയറാത്തതിനാൽ ആ പ്രധാന കഥാപാത്രം പരാജയപ്പെട്ടോ?" ഒരു വിദ്യാർത്ഥി പറഞ്ഞു, "അതെ, കാരണംപരാജയംഅവന്റെ DNA യിൽഉണ്ടായിരുന്നു." പക്ഷേ മറ്റൊരു കുട്ടി സമ്മതിച്ചില്ല. ആ ചെറുപ്പക്കാരൻ ഒരു പരാജയമല്ലെന്ന് അവൻ ന്യായീകരിച്ചു, കാരണം മറ്റൊരാളെ സഹായിക്കുവാൻവേണ്ടി,താൻ ആഗ്രഹിച്ച കാര്യം ഉപേക്ഷിച്ച ആ വ്യക്തി, യാഥാർത്ഥത്തിൽ ഒരു വിജയിയാണ്.
നാം നമ്മുടെ പദ്ധതികൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുമ്പോൾ, യാഥാർത്ഥത്തിൽ നമ്മൾ യേശുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.യാത്രചെയ്തുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുവാൻ യേശു തന്റെ ഭവനവും സമ്പത്തും അംഗീകാരവും ബലിയർപ്പിച്ചു. അവസാനം, നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുവാനും ദൈവസ്നേഹത്തെ പ്രദർശിപ്പിക്കുവാനും, അവൻ “തന്റെ പ്രാണനെ വെച്ചുകൊടുത്തു”(1 യോഹന്നാൻ 3:16).
ഭൗമികവിജയം ദൈവത്തിന്റെ ദൃഷ്ടിയിലെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രയാസത്തിൽആയിരിക്കുന്നവരെയും, സങ്കടത്തിൽആയിരിക്കുന്നവരെയുംസഹായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുകമ്പയെ അവൻ വിലമതിക്കുന്നു (വാ .17). ആളുകളെ സംരക്ഷിക്കുവാൻ നാം എടുക്കുന്ന തീരുമാനങ്ങൾ അവൻ അംഗീകരിക്കുന്നു. ദൈവകൃപയാൽ, നമുക്ക് അവനോടുകൂടെ മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിഞ്ഞാൽ, അതാണ് ഏറ്റവും വലിയ നേട്ടം.